People

ദണ്ഡുപാളയ ഗ്യാങ് (Dandupalya gang)

Dandupalya gang
Dandupalya gang

ദണ്ഡുപാളയ ഗ്യാങ്

ദണ്ഡുപാളയ ഗ്യാങ്: 2000 ഫെബ്രുവരി 2, ബുധൻ. ബാംഗ്ലൂരിലെ ബാനസ് വാഡി എന്ന സ്ഥലത്തുള്ളഓ എം ബി ആർ Lay Out , കർണ്ണാടക ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ മോഹൻഷെട്ടിയുടെ വസതിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ ഇരുപത് വയസ്സുള്ള ഇളയമകൾ രക്ഷാഷെട്ടിയെ കണ്ടെത്തി. വൈകുന്നേരം ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ശയ്യാവലംബയായ മുത്തശ്ശി ഇതൊന്നു അറിയാതെ മുകളിലത്തെ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. പ്രഥമദൃഷ്ട്യാ വീട്ടിൽ കവർച്ച നടന്ന ലക്ഷണവും ഉണ്ട് .

എന്നാൽ പരിശോധനയിൽ മൃതദേഹത്തിലെ മുറിവുകളുടെ എണ്ണം കർണ്ണാടക പോലീസിനെ കൂടുതൽ കുഴക്കി .ആദ്യമൊക്കെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ പൊലീസിന്, പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചത് മുതൽ ആ നിഗമങ്ങളെ എല്ലാം അപ്പാടെ തള്ളിക്കളയണ്ട അവസ്ഥയായി . കാരണം ഏവരെയും ഞെട്ടിച്ചു കളയുന്ന ഫലമായിരുന്നു അത് . അഞ്ചിലേറെ തവണ കുട്ടി റേപ്പ് ചെയ്യപ്പെട്ടിരുന്നു. സാഹചര്യ തെളിവുകൾ വെച്ച് ഒന്നിലേറെപേർ ആ പാതകത്തിൽ പങ്കുള്ളതായി വെളിവാക്കപ്പെട്ടു. എന്നാൽ അതിലേറെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു.
മരണത്തിലേക്ക് തള്ളിവിട്ടതിനു ശേഷം മൃതദേഹവുമായി ലൈഗീകബന്ധം പുലർത്തിയിരുന്നു.

‘നെക്രോഫീലിയ’ അല്ലെങ്കിൽ ‘ശവ കാമുകത ‘ എന്ന മനശ്ശാസ്ത്രത്തിൽ പറയപ്പെടുന്ന ഈ രോഗാവസ്ഥയുള്ള കൊലയാളിയെ തേടി പോലീസ് പിന്നീട് പരക്കം പാഞ്ഞു. സമാന സാഹചര്യത്തിൽ തെളിയിക്കപ്പെടാനാവാതെ ,ബന്നാർഘട്ട പോലീസ് അതിർത്തിയിൽ മാസങ്ങൾക്ക് മുൻപ് ഒരു മധ്യവയസ്കയും കൊല്ലപ്പെട്ടിരുന്നു. അതും മൃതദേഹത്തിന് മേൽ വേഴ്ച നടത്തിയ ക്രൂരമായ ചില തെളിവുകളോടൊപ്പം. സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ഇൻസ്‌പെക്‌ടർ ‘ചലപതി’ മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു അന്വേഷണം നയിച്ചിരുന്നത് . കർണ്ണാടക ലോക്കൽ ക്രൈം റെക്കോർഡ് മുതൽ ഇന്റർ സ്റേറ് വരെയുള്ള അന്വേഷണം തകൃതിയായി പുരോഗമിച്ചു. ഒടുവിലത് ഗ്യാങ്ങുകളെ ചുറ്റിപറ്റിയായി. ഇതിനിടെ ഇന്ദിരാനഗറിലെ ഒരു മാർവാഡി കടയിൽ മോഷ്ടിച്ച സ്വർണ്ണം പണയം വെയ്ക്കാൻ ശ്രേമിക്കുന്ന വേളയിൽ ‘അവലപ്പ ‘ എന്നോരു ചെറുപ്പക്കാരനെ സിറ്റി സ്റ്റേഷൻ പോലീസ് തൊണ്ടിയോടെ പിടികൂടി.

അതിൽ അമ്പലത്തിൽ നിന്ന് മോഷ്ടിച്ച രീതിയിൽ സംശയം തോന്നിക്കുന്ന വിഗ്രഹത്തിലെ ഒരു ‘വേൽ ആകൃതിയിലുള്ള ഒരു രൂപവും ഉണ്ടായിരുന്നു. ശേഷം ചോദ്യം ചെയ്യലിൽ ആഴ്ചകൾക്ക് മുൻപ് നടന്ന രണ്ടു പൂജാരിമാരുടെ മരണത്തിൽ അയാൾക്ക് പങ്കുള്ളതായി സംശയം തോന്നി. ബാനസ്‌വാഡിയിലെ ചെറിയൊരു ക്ഷേത്രമായിരുന്നു അത് . തുടർന്ന് അതെ സ്റ്റേഷൻപരിധിയിലേക്ക് സന്ദേശം പ്രവഹിച്ചു. തുടർന്ന് കൊലപാതകപാരമ്പരയിൽ ചില തുമ്പുകൾ ലഭിച്ച കർണ്ണാടക പോലീസ് പിന്നെ വൈകിച്ചില്ല. പിന്നീടുള്ള ചോദ്യം ചെയ്യലിൽ അയാൾ ചില നിർണ്ണായക തെളുവുകൾ പൊലീസിന് നൽകി. കൊഴിഞ്ഞു വീണ ആ സത്യങ്ങൾ പിന്നീട് ഉദ്യാനനഗരിയെ പിടിച്ചുലച്ചു കളയുകയായിരുന്നു. ഒന്നിന് പുറമെ ഒന്നൊന്നായി അറസ്റ്റുകൾ. ഇൻസ്പെകർ ചലപതിക്ക് കേസ് ഫയൽ മടക്കുവാൻ പിന്നീട് ആ സംഘത്തെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭിക്കണമായിരുന്നു.

ബാംഗ്ലൂർ കെ ആർ പുരം റയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഇരുപത് കി മി യാത്ര ചെയ്താൽ ഹോസ്‌കോട്ട എന്ന സ്ഥലത്തു എത്തിച്ചേരും. പിന്നീട് അൽപ്പം ദൂരം സഞ്ചരിച്ച്ചാൽ ഒരു ചെറിയ ‘ഹള്ളിയാണ്’ നമ്മുടെ ഭാഷയിൽ ചെറു ഗ്രാമം. കാർഷിക വൃത്തിയും കാലി മേക്കലുമായി കഴിഞ്ഞു കൂടുന്ന നാടൻ മനുഷ്യർ.

ഭൂരിഭാഗവും ആന്ധ്രയിൽ നിന്നും കുടിയേറിയ ചില കുടുംബക്കാരുടെ പിന് തലമുറയാണ്. ആ നിഷ്കളങ്കതയിൽ വന്യത ഒളിപ്പിച്ചു വെച്ച ചിലരുടെ ആ വാസ സ്ഥലം പിന്നീട് മറ്റൊരു പേരിലാണ് അറിയപ്പെട്ടത്…. “ദണ്ഡു പാളയ”.

സ്ത്രീകളടക്കം ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായം വരുന്ന ആ ഗ്യാങ്ങിൽ ഏകദേശം നാൽപ്പതോളം പേര് അംഗങ്ങളായിരുന്നു. എൺപതോളം കൊലപാതകങ്ങൾ. അത്രയും തന്നെ മോഷണവും. കവർച്ചയും.  1930 കളിൽ ആന്ധ്രയിൽ നിന്ന് കുടിയേറിയ വെങ്കട് സ്വാമി എന്ന വ്യക്തിയാണ് ഹോസ്‌കോട്ടയ്ക്ക് സമീപം സ്ഥലം വാങ്ങി ഈ ചെറുഗ്രാമം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രെമങ്ങൾ നടത്തുന്നത്. തുടർന്ന് 250 ഓളം കുടുംബങ്ങൾ ക്രമേണ അവിടെ താമസം തുടങ്ങി. ചെറിയൊരു ഭൂവുടമയെന്ന പേരിൽ ഗ്രാമ പ്രമുഖനായി വെങ്കട് സ്വാമി മാറി കഴിഞ്ഞിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം തമിഴ്നാട് പോലീസിന്റെ അവിടെ മിന്നൽ പരിശോധന നടക്കുന്നമ്പോഴാണ് നിജസ്ഥിതി അവിടുത്തെ നാട്ടുകാർ അറിയുന്നത്. ആന്ധ്രയിലും തമിഴ് നാട്ടിലുമടക്കം നിരവധി മോഷണകേസുകളിൽ പ്രതിയാണ് വെങ്കട് സ്വാമി. അതിനു കൂട്ട് നില്കുന്നതോ അയാളുടെ ബന്ധുക്കളും സഹോദരങ്ങളുമടക്കമുള്ളവരും. ഇടയ്ക്ക് നാടുവിടുന്നു കക്ഷി പിന്നെ വരുന്നത് വമ്പൻ കൊള്ളകൾ കഴിഞ്ഞാണ്. തമിഴ് നാട് പോലീസിന്റെ അറസ്റ്റിനു ശേഷം വർഷങ്ങൾ എടുത്തു അയാൾ ജയിൽ മോചിതനാവാൻ. തിരികെ വന്ന അയാൾ പിന്നെ ശ്രെമിച്ചത്‌ ഗ്യാങ്ങിനെ വിപുലമാക്കുവാൻ തന്നെയായിരുന്നു. തൊണ്ണൂറുകളിൽ പുതിയ കണ്ണികളുമായി അത് രൗദ്രഭാവം പ്രാപിച്ചു.

ദണ്ഡുപാളയ കൃഷ്ണ ,ലക്ഷ്മി ,ദൊഡ്ഡ ഹനുമാ തുടങ്ങി പതിനൊന്നോളം പേരാണ് കവർച്ചയ്ക്ക് നേരിട്ടിറങ്ങുന്നത്. വ്യക്തമായ മാസ്റ്റർ പ്ലാൻ തന്നെയാണ് ഇവരുടെ രീതി …തമിഴ് കന്നഡയടക്കം നാലുഭാഷകൾ സംസാരിക്കുന്ന ഇവരുടെ ആന്ധ്രാ ,തമിഴ് നാട് , കേരളം എന്നിവിടങ്ങളിൽ നടത്തിയ പാതകങ്ങൾ ആരിലും ഭീതിയുളവാക്കും. കൂട്ടത്തിൽ ലക്ഷ്മിയടക്കം രണ്ടു സ്ത്രീകൾ എപ്പോഴുമുണ്ടാകുന്നതാണ് ഇവരുടെ വിജയം. ബസിലും ട്രെയിനിലും സഞ്ചരിച്ചു നിഷ്കളങ്കത ജനിപ്പിക്കുന്ന മുഖഭാവത്തിൽ വീടുകൾ സ്കെച് ചെയ്യും. തുടർന്ന് അയൽ വക്കങ്ങളിൽ യാചകരെന്ന പേരിൽ. അല്ലെങ്കിൽ മറ്റെന്തെങ്കിലും തൊഴിലോ മറ്റോ തിരക്കി വീടിന്റെ എല്ലാ ഭാഗങ്ങളിലും കണ്ണുപതിപ്പിച്ചു വഴികൾ കണ്ടുവെയ്‌ക്കും. ഇതിനൊക്കെ മുന്നിട്ട് ഇറങ്ങുന്നത് ലക്ഷ്മി തന്നെ. ബാനസ് വാഡിയിൽ കൊല്ലപ്പെട്ട രക്ഷ ഷെട്ടിയുടെ വീട്ടിൽ കുടിക്കാൻ അൽപ്പം വെള്ളം ചോദിച്ചാണ് അവൾ എത്തിയത്. പ്രായമായ മുത്തശ്ശി കിടപ്പായത് കൊണ്ട് അച്ചനമ്മമാരെ മാത്രം ഒരു ബന്ധുവിന്റെ വിവാഹ ആഘോഷങ്ങൾക്കയച്ചു വീട്ടുകാര്യങ്ങൾ നോക്കി അന്നേ ദിവസം കഴിഞ്ഞു കൂടുകയായിരുന്നു ആ കുട്ടി. ലക്ഷ്മിയുടെ ആവശ്യപ്രകാരം വെള്ളമെടുക്കാൻ പോയ കുട്ടിയെ പുറകിൽ നിന്നും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയത് കൃഷ്ണയായിരുന്നു. പിന്നെ ഒന്നിന് പുറകെ ഒന്നായി അവർ ഉള്ളിൽ കടന്നു. ഇരയുടെ വായിൽ കുത്തിയിരുന്ന്. ശബ്ദം പൂർണമായും ഒതുക്കി നിർത്തുക എന്നതാണ് അവരുടെ രീതി. പിന്നെ എല്ലാ ക്രൂരതകൾക്കും ചുക്കാൻ ചെയ്യുന്നത് അവളും കൂടിയാണ്. ഇതിൽ കൃഷ്ണന്റെ ഭാര്യയാണ് ലക്ഷ്മി എന്നുകൂടി ഓർക്കണം.

ഇതേ രീതീയിൽ അവർ കർണ്ണാടകയിലെ കോളാറിലും, തുംകൂരിലും, ഹസ്സനിലും കൊല നടത്തിയതായി സമ്മതിച്ചു. ഇതിൽ കോളാറിൽ രണ്ടു സഹോദരികളെയും അമ്മയെയും വെറുതെ വിട്ടില്ല. അറസ്റ്റിലായ ശേഷം നടപടികൾ വളരെ വേഗത്തിലാക്കാൻ കർണ്ണാടക പൊലീസിന് കഴിഞു. എങ്കിലും ഇത്രയും നാളത്തെ തൊണ്ടിമുതലും മറ്റു സമ്പാദ്യവും ശേഖരിച്ചു കോടതിയിൽ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല. കേസിൽ അതൊരു തിരിച്ചടി തന്നെയായിരുന്നു. എങ്കിലും ലക്ഷ്മിയടക്കം ആറു പ്രതികൾക്ക് വധ ശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപര്യന്തവും നൽകി കോടതി ഉത്തരവായി. 96-2000 കാലയളവിലാണ് ഈ സംഘം കുറ്റകൃത്യങ്ങളുടെ പെരുമഴ തന്നെ തീർത്തത്. എങ്കിലും ചില കേസുകളിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ മറ്റു ചില ഇടപാടുകൾക്ക് വഴി വെച്ചിരുന്നു. ക്വട്ടേഷനും മറ്റുമായി ഇവരെ ഉപയോഗപ്പെടുത്തിയവരും ചിത്രത്തിൽ തെളിഞ്ഞു തന്നെയാണ്. പ്രതികൾ മാനസിക രോഗികളാണെന്ന് വരെ വരുത്തി തീർക്കാൻ സമർപ്പിച്ച ഹർജികൾ അവർക്കുവേണ്ടി വാദിക്കാൻ രംഗത്തിറങ്ങിയ വക്കീലന്മാർ ഇവരൊക്കെ കോടതിയെയും ജനങ്ങളെയും മറ്റും ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞു.

ഇരയുടെ കഴുത്തിൽ കത്തിവെയ്ക്കുമ്പോൾ ലഭിക്കുന്ന ലഹരി എനിക്ക് മറ്റൊന്നിലും ലഭിക്കില്ലെന്ന് കോടതിയിൽ വിളിച്ചു പറഞ്ഞ ദണ്ടുപാളയ കൃഷ്ണനടക്കമുള്ള ഈ ഗ്യാങ് ,തങ്ങളെ അടിച്ചമർത്തിയ ഇൻസ്പെകർ ചലപതിക്കെതിരെ പരസ്യമായ വെല്ലുവിളിയും നടത്തി. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ നരാധമൻമാരെ തീറ്റി പോറ്റുന്ന ചിലവിനു സർക്കാരിനു മറ്റെന്തിലും ചെയ്യമായിരുന്നു. ഉത്തരവുണ്ടായിന്നെങ്കിൽ ഇതിനൊക്കെ വേണ്ടത് ഷൂട്ട് അറ്റ് സൈറ്റ് മാത്രമാണ്. ദണ്ഡുപാളയ ഇന്ന് ശാന്തമാണ്. പഴയതൊക്കെ ചരിത്രമായി. കൂടുതലും പുതിയ ആളുകളാണ്. സാമൂഹ്യവും സാംസ്കാരികവുമായ അൽപ്പം മുന്നേറ്റങ്ങൾ ഈ കാലയളവിൽ ഉണ്ടായി. പുതിയ ഒന്ന് രണ്ടു സ്‌കൂളുകൾ വന്നു. ചില കെട്ടിടങ്ങളും. എങ്കിലും പേരിൽ മാറ്റമില്ല.

കുറച്ചു നാളുകൾക്ക് മുൻപ് ദണ്ഡുപാളയ ഗ്യാങ്ങിന്റെ യഥാർത്ഥ കഥ അതെ പേരിൽ സിനിമയായി കന്നടയിൽ കോടികൾ വാരിയിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറപ്രവർത്തകർ.

എന്നാൽ നിനച്ചിരിക്കാതെ ചിത്രത്തിന് കോടതി സ്റ്റേ നൽകി. കാരണം അൽപ്പം രസകരമാണ്. പടത്തിന്റെ വിജയത്തിന് ശേഷം ആ സ്ഥലവും ദേശവാസികളും ഇന്ന് ജനങ്ങളിൽ ഭീതിയുണർത്തുന്നുവത്രേ. പടം ഇറങ്ങിയ ശേഷം ആ സമൂഹത്തെ ചിലർ പഴയ ചരിത്രവുമായി ചേർത്തു വായിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്നവും. ഒരു ഓട്ടോ വിളിച്ചാൽ പോലുംഅവിടേയ്ക്ക് വരാൻ ആളുകൾക്ക് ഭയമെന്നാണ് അവിടെയുള്ളവർ പറയുന്നത്. പുതു തലമുറയിലും ഗ്രാമത്തിന്റെ ചരിത്രം നമ്മുടെ ‘കമ്മട്ടിപ്പാടം’ പോലെ തെളിഞ്ഞു വന്നിരിക്കുകയാണ്. ഒരു പക്ഷെ വികസന ശേഷം അതൊക്കെ വൈകാതെ മണ്ണിലലിയും എന്ന് പൂർണമായും പറയാൻ കഴിയില്ല. കാരണം കർണ്ണാടക എന്ന സംസ്ഥാനത്തിന്റെ വികസനം കേവലം ബാംഗ്ലൂർ ചുറ്റിപറ്റി മാത്രമായിട്ട് ഒതുങ്ങാൻ തുടങ്ങിയിട്ട് കാലങ്ങളായി. മറ്റെവിടെയും ഒരു മാറ്റവുമില്ല. ബാക്കിയൊക്കെ വെറും ഹള്ളികൾ മാത്രമാണ്. ഒരു പക്ഷെ അതിൽ ചിലതൊക്കെ പുറലോകമറിയാത്ത പല ‘ദണ്ഡുപാളയങ്ങളും തന്നെ .

കടപ്പാട്: ചരിത്രാന്വേഷികൾ

Read More:

If you like the post Understanding top Command and wish to receive more articles from us, please like our FB page: FunStation

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com