Informations

ചെര്‍ണോബില്‍ ദുരന്തം: ഏപ്രില്‍ 26

chernobyl disaster
chernobyl disaster

ചെര്‍ണോബില്‍ ദുരന്തം ഏപ്രില്‍ 26

ചെര്‍ണോബില്‍ ദുരന്തം: 1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം.യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടുള്ളവരെ മുഴുവന്‍ ഞട്ടിപ്പിച്ചുകൊണ്ട് ആണവ പ്രസരണം നിരീക്ഷിക്കുന്ന കമ്പ്യൂട്ടറില്‍ അപായമണി മുഴങ്ങിയത്. അപകടം അടുത്തെത്തിയതിന്റെ സൂചന. ഉടന്‍തന്നെ അവര്‍ റിയാക്ടര്‍ മുഴുവന്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷേ യാതൊരു കുഴപ്പവും റിയാക്ടറില്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ എങ്കിലും ആ പ്രദേശത്തെ അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള അണുപ്രസരണം കണ്ട് അവര്‍ ഞട്ടി.

ചെര്‍ണോബില്‍

ഫോഴസ്മാര്‍ക്ക് ആണവനിലയമല്ലാതെ വേറൊന്നും രാജ്യത്തിന്റെ പകുതിയിലില്ലാത്തതും പ്രസ്തുത ആണവ നിലയത്തിന് യാതൊരു കേടുപടുമില്ലാത്തതും ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. സ്വീഡന്റെ ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നപ്പോള്‍ തന്നെ അയല്‍ രാജ്യങ്ങളായ നോര്‍വേ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇതേ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ലോകരാജ്യങ്ങള്‍ ഈ സമസ്യയ്ക്ക് ഉത്തരം തേടി നെട്ടോട്ടമോടി. ഭൂലോകം മുഴുവന്‍ തീയില്‍ വീണ പ്രതീതി.

ഈ സമയമാണ് ഫോഴസ്മാര്‍ക്കില ശാസ്ത്രജ്ഞര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. രാജ്യത്തിന്റ കിഴക്കുദിക്കില്‍ നിന്നു വീശുന്ന കാറ്റിലാണ് ആണവ വികിരണം കൂടുതലുള്ളത്. സ്വീഡന്റെ കിഴക്കു അതിര് വിശാലമായ ബാള്‍ട്ടിക് കടലാണ്. എന്തായാലും കടലില്‍ നിന്നാകാന്‍ സാദ്ധ്യതയില്ല. പിന്നെ? ബാള്‍ട്ടിക് കടലിന് അപ്പുറം…. അവിടയെന്തെങ്കിലും? പക്ഷേ, ഫോഴ്‌സമാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്ക് ബാള്‍ട്ടിക് കടലിനപ്പുറമുള്ള ലോകത്തെപ്പറ്റി ചിന്തിക്കുവാനുള്ള കരുത്തില്ലായിരുന്നു. കാരണം അവിടം അന്നത്തെ ലോകമടക്കിഭരിക്കുന്ന ഒരു ശക്തിയുടെ സാമ്രാജ്യമായിരുന്നു. യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന സോവിയറ്റ് യൂണിയന്റെ.

ആണവവികരണത്തിന്റെ പ്രസരണത്തിനു കുറവില്ലാത്തതിനാലും സംശയദൂരീകരണം സാധ്യമാകാത്തതിനാലും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ സോവിയറ്റ് യൂണിയനിലേക്ക് പതിഞ്ഞു. പക്ഷേ സോവിയറ്റ് യൂണിയന്‍ നിശബ്ദത പാലിക്കകയാണ് ചെയ്തത്. രാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് രണ്ട് ദിവസം കടന്നു പോയി. ഏപ്രില്‍ 30 ന് സോവിയറ്റ് യൂണിയന്റെ ദേശിയ റേഡിയോ ലോകരാജ്യങ്ങളുടെ ചെവിയിലേക്ക് ആ സത്യം പകര്‍ന്നു. ”രാജ്യത്തിന്റെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ സ്‌ഫോടനമുണ്ടായിരിക്കുന്നു. രക്ഷാനടപടികളെടുത്തുവരുന്നു.”

അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് മതിലുകെട്ടിയ സോവിയറ്റ് യൂണിയനിലെ പ്രിപ്യറ്റ് എന്ന പട്ടണം ഈ സമയം നാമാവശേഷമായിക്കൊണ്ടിരിക്കുകയായിരുന്നു. ആണവനിലയത്തിലെ സ്‌ഫോടനം മൂലം തകര്‍ന്ന റിയാക്ടറില്‍ നിന്നും വികിരണങ്ങള്‍ സോവിയറ്റ് യുണിയനാകെ വ്യാപിച്ചിരുന്നു. 1986 ഏപ്രില്‍ 26 ന് രാജ്യത്തിന്റെ പ്രധാന സംസ്ഥാനമായ യുക്രൈനില്‍ സ്ഥിതിചെയ്യുന്ന ചെര്‍ണോബില്‍ലുണ്ടായ ഈ ദുരന്തം ലോകമറിഞ്ഞത് നാലുദിവസം കഴിഞ്ഞ്. അതും അയല്‍രാജ്യങ്ങളില്‍ വികിരണങ്ങള്‍ പ്രസരണം ചെയ്തതിന്റെ ഫലമായും.

1970 ലാണ് യൂക്രൈനിലെ പ്രിപ്യട്ട് പട്ടണത്തിനു സമീപമുള്ള ചെര്‍ണോബില്‍ കേന്ദ്രമാക്കി സോവിയറ്റ് യൂണിയന്‍ ആണവനിലയങ്ങളുടെ പണിയാരംഭിച്ചത്. നാല് റിയാക്ടറുകളായിരുന്നു ചര്‍ണോബില്‍ ഉണ്ടായിരുന്നത്. 1986 എപ്രില്‍ 26 ന് ഇതില്‍ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ദുരന്തങ്ങളിലൊന്നായി ചെര്‍ണോബിലിനെ മാറ്റിയത്.
ഇത്രയും വലിയൊരപകടത്തില്‍ മരിച്ചവരായി സോവിയറ്റ് യൂണയന്‍ പുറത്തുവിട്ട കണക്കാണ് രസകരം. വെറും 32 പേര്‍. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ സോവയറ്റ് യൂണിയനിലും അയല്‍രാജ്യങ്ങളിലുമായി അലയടിച്ച ആണവ വികിരണങ്ങള്‍ക്ക് ജീവനെടുക്കാന്‍ സാധിച്ചത് 32 പേരുടെ മാത്രമാണെന്നുള്ള സോവിയറ്റ് ഭരണകൂടത്തിന്റെ സത്യവാങ്ങ്മൂലം പക്ഷേ ലോകം വിശ്വസിച്ചില്ല. അപ്പോഴല്ലെങ്കിലും കാലങ്ങള്‍ക്കു ശേഷം കണക്കുകള്‍ പുറത്തുവന്നു. മരണസംഖ്യ 93000 നും മുകളില്‍. ബാധിക്കപ്പെട്ടവര്‍ 50 ലക്ഷത്തിനും മുകളില്‍. പക്ഷേ കാര്യങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല. ഇന്ന് ഈ നിമിഷം വരെ റഷ്യയിലെ ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇനിയുമവസാനിക്കാത്ത ഈ ദുരന്തത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.

ലേകോത്തര ശക്തിയെ ഞട്ടിപ്പിച്ച സംഭവമെന്നാണ് ഈ ദുരന്തത്തിനെപ്പറ്റി സോവിയറ്റ് യൂണിയന്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ക്കകം തന്നെ തകര്‍ന്ന നാലാമത്തെ റിയാക്ടറിനുചുറ്റും കോണ്‍ക്രീറ്റ് കൂടാരമൊരുക്കി അണുപ്രസരണം തടഞ്ഞെങ്കിലും അപ്പോഴേക്കും ചെര്‍ണോബിലെ പുല്‍ക്കൊടിപോലും വിഷമേറ്റുവാങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്ര രാജ്യമായ യുക്രൈന്‍ 2000 ല്‍ മറ്റു മൂന്നു റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

സ്‌ഫോടനം നടന്ന റിയാക്ടറിലെ ആണവ വികിരണം ഇതുവരയ്ക്കും അവസാനിച്ചിട്ടില്ല. ഈ റിയാക്ടര്‍ കോണ്‍ക്രീറ്റുപയോഗിച്ചുണ്ടാക്കിയ ഒരു കുടീരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കുടീരത്തിനും അധിക ആയുസില്ലെന്ന അഭിപ്രായത്തില്‍ പുതിയൊരു വിയം പണിയാനുള്ള തയ്യാറെടുപ്പിലാണ് യുക്രൈന്‍ ഗവണ്‍മെന്റ്.

ചെര്‍ണോബില്‍

അപകടം നിലയത്തിന്റെ നിര്‍മ്മാണത്തകരാറോ അതോ ഓപ്പറേറ്റരുടെ പിശകോ?

റിയാക്റ്റര്‍ കോറില്‍ ചൂടുത്പാദിപ്പിക്കുന്നത് യുറേനിയം ദണ്ഡുകളാണ്. നിയന്ത്രണ ദണ്ഡുകള്‍ ഇറക്കിവെച്ചാണ് യുറേനിയത്തില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനത്തെ നിയന്ത്രിക്കുന്നത്. ജലം റിയാക്റ്റര്‍ കോറിലൂടെ കടന്നു പോകുമ്പോള്‍ അത് നീരാവി ആയി മാറും. മറ്റ് സാധാരണ താപ വൈദ്യുത നിലയങ്ങളിലേപ്പോലെ ആ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ തിരിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. ചെര്‍ണോബില്‍ നഗരം നിലയത്തില്‍ നിന്നുള്ള മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കുന്നു. അവിടുത്തെ ഇലക്ട്രോണിക്ക് വ്യവസായത്തെ ബാധിക്കാതിരിക്കാനാണ് സുരക്ഷാ ടെസ്റ്റ് രാത്രിയിലേക്ക് മാറ്റിവെച്ചത്.

പൊട്ടിത്തെറിക്ക് 1 മണിക്കൂര്‍ 90 മിനിറ്റ് ആയപ്പോള്‍:

റിയാക്റ്ററിനെ കുറഞ്ഞ ഊര്‍ജ്ജോത്പാദന നിലയിലേക്ക് താഴ്ത്തി. എന്നാല്‍ ഊര്‍ജ്ജ നില വളരെ വേഗം വളരെ താഴ്ന്ന നിലയിലെത്തി.

പൊട്ടിത്തെറിക്ക് 52 മിനിറ്റ് മുമ്പ്:

ഓപ്പറേറ്റര്‍ ഊര്‍ജ്ജനില ഉയര്‍ത്തി. നിയന്ത്രണ ദണ്ഡുകള്‍ നീക്കിയാണ് അയാള്‍ അത് ചെയ്തത്. അത് ശരിയായി, ഊര്‍ജ്ജനില പഴയതുപോലെയായി.

പൊട്ടിത്തെറിക്ക് 21 മിനിറ്റ് മുമ്പ്:

മറ്റൊരോപ്പറേറ്റര്‍ റിയാക്റ്റര്‍ കോറിലുടെയുള്ള ജല ഒഴുക്ക് മാറ്റിക്കൊണ്ട് സുരക്ഷാ ടെസ്റ്റ് തുടങ്ങി. പ്രധാന പമ്പാണ് സാധാരണ ജലം റിയാക്റ്റര്‍ കോറിലേക്കെത്തിക്കുന്നത്. പ്രഥാന പമ്പ് നിര്‍ത്തി ഒരു കൃത്രിമ പവര്‍കട്ട് സൃഷ്ടിക്കുകയാണ് അയാള്‍ ഉദ്ദേശിച്ചത്. ബാക്കപ്പ് പമ്പുകളുണ്ട്. അവ പ്രവര്‍ത്തിക്കുന്നതുവഴി ഈ ഓപ്പറേറ്റര്‍ക്ക് ബാക്കപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം. ഇതിനായി രണ്ട് ഓക്സിലറി പമ്പുകളാണുള്ളത്. നിലയത്തിലെ മറ്റുഭാഗങ്ങളില്‍ നിന്ന് ജലം ആ പമ്പുകള്‍ റിയാക്റ്റര്‍ 4 ല്‍ എത്തിക്കും. എന്നാല്‍ അയാള്‍ ആ പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ധാരാളം ജലം റിയാക്റ്റര്‍ കോറിലേക്ക് അതിവേഗം പ്രവേശിച്ചു.

വെള്ളത്തിന്റെ ഒഴുക്കിന്റെ തോത് റിയാക്റ്റളിനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. വേഗത കൂടിയാല്‍ റിയാക്റ്ററിന് കുറവ് നീരാവിയേ ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളു.

15 മിനിറ്റ് അധിക ജലം പമ്പുചെയ്തതിന് ശേഷം ടര്‍ബൈന്‍ പ്രവര്‍ത്തിക്കാനാവശ്യമായ നീരാവി ഇല്ലാതെയായി.

പൊട്ടിത്തെറിക്ക് 5 മിനിറ്റ് മുമ്പ്:

ടര്‍ബൈനിലേക്ക് നീരാവി കൂടുതല്‍ കടത്തിവിടേണ്ടിയിരിക്കുന്നു എന്ന് ഓപ്പറേറ്റര്‍ക്ക് മനസിലായി. അതിനായി അയാള്‍ നീരാവി ഡ്രമ്മിലേക്ക് (steam drum) വെള്ളം പമ്പുചെയ്യാന്‍ അയാള്‍ തീരുമാനിച്ചു. നീരാവിയുടേയും ജലത്തിന്റേയും അളവ് ക്രമീകരിച്ച് സൂക്ഷിക്കുന്ന അറയാണ് നീരാവി ഡ്രം. എന്നാല്‍ അപ്പോഴും അധികം ജലം അയാള്‍ നീരാവി ഡ്രമ്മിലേക്ക് കടത്തിവിട്ടു. അതുകൊണ്ട് അധികമുള്ള ജലം റിയാക്റ്റര്‍ കോറിലേക്ക് ഒഴുകി. തല്‍ഫലമായി വീണ്ടും കുറച്ച് നീരാവി മാത്രം ഉത്പാദിപ്പിക്കപ്പെട്ടുള്ളു.

സുരക്ഷാ ടെസ്റ്റ് ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു. ഇതായിരുന്നു സുരക്ഷാ ടെസ്റ്റിന് മുമ്പുള്ള റിയാക്റ്ററിന്റെ സ്ഥിതി.

നീരാവി ഉത്പാദനം കൂട്ടാന്‍ ആദ്യ ഓപ്പറേറ്റര്‍ കൂടുതല്‍ നിയന്ത്രണ ദണ്ഡുകള്‍ കോറില്‍ നിന്ന് നീക്കം ചെയ്തു. പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അനുസരിച്ച് കുറഞ്ഞത് 26 നിയന്ത്രണ ദണ്ഡുകള്‍ എങ്കിലും കോറില്‍ എപ്പോഴും വേണം. എന്നാല്‍ ഈ സമയത്ത് വെറും 6 നിയന്ത്രണ ദണ്ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഈ അപകടകരമായ അവസ്ഥ മനസിലാക്കാതെ രാത്രി ഷിഫ്റ്റുകാര്‍ സുരക്ഷാ ടെസ്റ്റ് തുടര്‍ന്നു.

കുറഞ്ഞ നിയന്ത്രണ ദണ്ഡുകള്‍ കാരണം റിയാക്റ്ററിനെ അധികം ചൂടാകാതെ നിലനിര്‍ത്തിയത് അധികം ഒഴുകിക്കൊണ്ടിരുന്ന ജലമായിരുന്നു. ജല നിരപ്പില്‍ ഒരു തുള്ളി കുറവ് വന്നാല്‍ അത് അതി ഭീകര അവസ്ഥക്ക് കാരണമാകുമായിരുന്നു. കഷ്ടമെന്നു പറയട്ടേ, ഈ രണ്ട് ഓപ്പറേറ്റര്‍മാര്‍ തമ്മില്‍ communication ഉണ്ടായിരുന്നില്ല.

പൊട്ടിത്തെറിക്ക് 3 മിനിറ്റ് മുമ്പ്:

നീരാവി ഡ്രമ്മിലേക്ക് കൂടുതല്‍ ജലം പോകുന്നതായി രണ്ടാമത്തെ ഓപ്പറേറ്റര്‍ മനസിലാക്കി. ആ ഒഴുക്ക് അയാള്‍ നിര്‍ത്തലാക്കി. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ അധികം ചൂടായ റിയാക്റ്റര്‍ കോറിലേക്കുള്ള ഒഴുക്കിനേയും ബാധിച്ചു. ആദ്യ ഓപ്പറേറ്റര്‍ 6 എണ്ണമൊഴിച്ചുള്ള മുഴുവന്‍ നിയന്ത്രണ ദണ്ഡുകള്‍ എടുത്തുമാറ്റിയിരുന്ന കാര്യം അയാള്‍ക്കറിയില്ലായിരുന്നു.

പൊട്ടിത്തെറിക്ക് 1.5 മിനിറ്റ് മുമ്പ്:

ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ജലത്തിന്റെ ഒഴുക്ക് കുറഞ്ഞതിനാലും റിയാക്റ്റര്‍ കോര്‍ ക്രമാതീതമായി ചൂടായി.

പൊട്ടിത്തെറിക്ക് 56 സെക്കന്റുകള്‍ക്ക് മുമ്പ്:

ടര്‍ബൈന്‍ ഓപ്പറേറ്റര്‍ക്ക് സുരക്ഷാ ടെസ്റ്റ് നടത്താനുള്ള നിര്‍ദ്ദേശം കിട്ടി. അയാള്‍ ടര്‍ബൈന്‍ നിര്‍ത്തി. പെട്ടെന്ന് നിയന്ത്രണ മുറിയിലെ ഡയലുകള്‍ റിയാക്റ്ററിലെ ഊര്‍ജ്ജനില അതിഭീകരമായി ഉയരുന്നതായി കാണിച്ചു.

ഇപ്പോള്‍ ഒരു തിരിഞ്ഞുപോക്കിന് ഇടനല്‍കാതെ സമയം പൂര്‍ണ്ണമായും ഇല്ലാതെയായി. അതി തീഷ്ണമായ ചൂടിനാല്‍ ഇന്ധന ദണ്ഡ് തകര്‍ന്നു. റിയാക്റ്ററിന്റെ 2000 ടണ്‍ ഭാരമുള്ള മുകള്‍ മൂടിയില്‍ (lid) പൊട്ടിത്തെറി അതി ശക്തമായ മര്‍ദ്ദം ചെലുത്തി. അത് തകര്‍ത്ത് ശക്തമായ റേഡിയേഷനുണ്ടാക്കുന്ന 8 ടണ്‍ അവശിഷ്ടങ്ങള്‍ പൊട്ടിത്തെറിച്ചു. അത് ഒരു കിലോമീറ്ററെങ്കിലും ആകാശത്തേക്ക് തെറിച്ചിട്ടുണ്ടാവാമെന്നാണ് പരിശോധകര്‍ കണക്കാക്കിയത്.

chernobyl disaster

 

ലോകത്തെ ഭീതിപ്പെടുത്തിയ ഈ സംഭവം നടന്നിട്ട്  വർഷങ്ങൾ കഴിഞ്ഞു. മാതൃരാജ്യം വിഭജിച്ച് പല രാജ്യങ്ങളായി മാറുകയും ചെയ്തു. പക്ഷേ ജനങ്ങളുടെ മനസ്സില്‍ നിന്നും ആ ദുരന്തം മാഞ്ഞുപോയിട്ടില്ല. അഗ്നി നശിപ്പിച്ച പ്രിപ്യട്ട് നഗരവും പ്രാന്തപ്രദേശങ്ങളും മനുഷ്യന്റെ അഹന്തയ്ക്ക് സൂചകങ്ങളായി ഇന്നും വര്‍ത്തിക്കുന്നു- ഓര്‍മ്മയുടെ നെരിപ്പോടുകള്‍ ശേഷിപ്പിച്ചുകൊണ്ട്.

കടപ്പാട്: Alchemist Thought – BlogSpot, നേരിടം

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: FunStation

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com